ബ്രഹ്മശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍

പരമഭട്ടാര വിദ്യാധിരാജ ചട്ടമ്പിസ്വാമിതിരുവടികളുടെ സന്ന്യാസി ശിഷ്യരില്‍ പ്രഥമസ്ഥാനീയനായിരുന്നു ബ്രഹ്മശ്രീ നീലകണ്ഠ തീര്‍ത്ഥപാദസ്വാമികള്‍.

മൂവാറ്റുപുഴ മാരവാടി (മാറാടി) ഗ്രാമത്തില്‍ പ്രസിദ്ധമായ വാളാനിക്കാട്ടുതറവാട്ടില്‍ 1047 ഇടവമാസം 13ന് തൃക്കേട്ടനാളില്‍ സ്വാമികള്‍ ഭൂജാതനായി. വാളാനിക്കാട്ട് കല്യാണിയമ്മയുടേയും പാമ്പാക്കുട ഗ്രാമത്തില്‍ കണിക്കുന്നേല്‍ തറവാട്ടില്‍ നീലകണ്ഠപിള്ളയുടേയും ഏഴുമക്കളില്‍ നാലാമനായിരുന്നു സ്വാമികള്‍. നന്നേ ചെറുപ്പത്തില്‍ തന്നെ സംസ്കൃതഭാഷ, വിഷവൈദ്യം, മന്ത്രശാസ്ത്രം മുതലായവ സ്വന്തം മാതുനലനില്‍ നിന്നു സ്വായത്തമാക്കിയ, ജ്ഞാന സമ്പാദനകുതുകിയായിരുന്ന സ്വാമികള്‍ ഇംഗ്ലീഷ് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ദേശാടനത്തിനിറങ്ങി. ഈ യാത്രക്കിടയില്‍ ശംഗോപാചാര്യരില്‍ നിന്നും തര്‍ക്കശാസ്ത്രവും കുംഭകോണം കൃഷ്ണശാസ്ത്രികളില്‍ നിന്ന് വ്യാകരണം എന്നിവയില്‍ വിജ്ഞാനം നേടി. പലവട്ടം ഭാരതയാത്ര നടത്തിയിട്ടുള്ള സ്വാമികള്‍ തമിഴ്, കന്നട, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങി ഇതര ഭാരതീയ ഭാഷകളില്‍ വിജ്ഞാനം നേടിയെങ്കിലും സംസ്കൃതഭാഷയോടായിരുന്നു ആഭിമുഖ്യം.

ചട്ടമ്പിസ്വാമി തിരുവടികളില്‍ നിന്നും വിഷവൈദ്യത്തില്‍ ഉന്നതജ്ഞാനം തേടിയെത്തിയ നീലകണ്ഠപിള്ള അദ്ദേഹത്തിന്‍റെ ഉപദേശപ്രകാരം ആത്മീയമാര്‍ഗ്ഗത്തിലേക്ക് തിരിയുകയും തന്‍റെ 21-‍ാ‍ം വയസ്സില്‍ സന്ന്യാസദീക്ഷ സ്വീകരിച്ച് നീലകണ്ഠതീര്‍ത്ഥപാദരെന്ന യോഗിവര്യനായി മാറുകയായിരുന്നു. തന്‍റെ സന്ന്യാസ ജീവിതത്തിനിടയില്‍ വേദാന്തം, യോഗം, തന്ത്രം, ജ്യോതിഷം, വിഷവൈദ്യം, ചരിത്രം, സാഹിത്യം ഇത്യാദികളിലും പാണ്ഡിത്യം നേടി. യോഗചര്യയിലും സാഹിത്യരചനയിലും മുഴുകി.

ആ മഹാപ്രതിഭ തന്‍റെ 49-‍ാം വയസ്സില്‍ ഗൃഹസ്ഥാശ്രമിയായിരുന്ന പ്രിയ ശിഷ്യന്‍ വേലുപ്പിള്ളയുടെ കരുനാഗപ്പിള്ളി, പുതിയകാവ്, പുന്നക്കുളം ഗ്രാമത്തിലെ താഴത്തോട്ട് തറവാട്ടില്‍ വച്ച് 1096 കര്‍ക്കിടകം 23 ന് ഉത്രം നാളില്‍ മഹാസമാധിയായി.