പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍

chattampiതിരുവനന്തപുരത്ത് ഉള്ളൂര്‍ക്കോട് വീട്ടില്‍ തിരുനങ്ക എന്ന സ്ത്രീയുടേയും സമീപസ്ഥനായിരുന്ന വാസുദേവശര്‍മ്മ എന്ന മലയാളബ്രാഹ്മണന്റേയും സീമന്തസന്താനമായി കൊല്ലവര്‍ഷം 1029ല്‍ ചിങ്ങമാസത്തിലെ ഭരണി നാളില്‍ ചട്ടമ്പിസ്വാമികള്‍ ഭൂജാതനായി. (പി.കെ.പരമേശ്വരന്‍നായരുടെ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമികള്‍- ജീവചരിത്ര സംഗ്രഹം)

കാവിവസ്ത്രമില്ല, കമണ്ഡലുവില്ല, തലമുണ്ഡനം ചെയ്തിട്ടില്ല, വിശാലമായ നെറ്റി, ഇരുവശത്തും ഒഴുകിക്കിടക്കുന്ന നരനിറഞ്ഞ തലമുടി, പൗര്‍ണ്ണമിച്ചന്ദ്രനെ വെല്ലുന്ന പുഞ്ചിരി, ഹിമധവളമായി മാറു മറഞ്ഞു വയറിലൊതുങ്ങുന്ന താടി, ഒരു സാധാരണ രുദ്രാക്ഷമാല, വിരളില്‍ ഇരുമ്പുമോതിരം- അതുകൊണ്ട് താളംകൊട്ടി ഭട്ടാരികാസ്തവങ്ങള്‍ മനസ്സില്‍ ധ്യാനിക്കുമ്പോളും പരിസരലോകത്തെ വിനോദ ദൃഷ്ട്യാകണ്ടുരസിക്കുന്ന നര്‍മ്മ പ്രിയനായ നാട്ടുകാരണവര്‍…

സകല ജീവജാലങ്ങളേയും സ്നേഹം ചൊരിയുന്ന ദൃഷ്ടികൊണ്ട് മയക്കി പാര്‍ശ്വവര്‍ത്തികളാക്കുന്ന ദൈവസമ സമീപനം. ഷണ്മുഖദാസനായി തുടങ്ങി ബാലഭട്ടാരകനായി മാറിയ യുഗപ്രഭാവന്‍. ശ്രീ ചക്രസ്ഥിതയായ സുന്ദരിയുടെ വല്സലപുത്രന്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. അതാണ് ശ്രീ വിദ്യോപാസകനായ വിദ്യാധിരാജ ചട്ടമ്പിസ്വാമി തിരുവടികള്‍.

കീര്‍ത്തി കാംഷിക്കാതെ പ്രശംസകളെ നിരാകരിച്ച് അവതാരപുരുഷനെന്നുപറഞ്ഞു സമീപിച്ചവരെ വികൃതഹാസംകൊണ്ടു പലായനം ചെയ്യിച്ച് “ലോകാഃസമസ്താഃസുഖിനോ ഭവന്തു” എന്ന ആപ്തവാക്യം അന്വര്‍ത്ഥമാക്കിയ ദിവ്യാനുഭാവന്‍ പന്മന സി.പി.സ്മാരക വായനശാലയിലാണ് അവസാനകാലം വിശ്രമിച്ചത്. അവിടെവച്ച് 1099 മേടം 23-ാംതീയതി വൈകിട്ട് സ്വാമികള്‍ വത്സലശിഷ്യനായ പത്മനാഭപണിക്കരുടെ സഹായത്തോടുകൂടി കട്ടിലില്‍ എഴുന്നേറ്റിരുന്ന് സാവധാനത്തില്‍ ഉപവിഷ്ടനായി. ക്രമേണ ധ്യാനനിഷ്ഠനായി ദേഹബന്ധം ഉപേഷിച്ച് പരമപദം പ്രാപിച്ചു.